രാജീവ് ഗാന്ധിയുടെ 31ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാം ചരമവാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’- അദ്ദേഹം കുറിച്ചു.

അതേസമയം, ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ‘ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന കാര്യത്തില്‍ എന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി ദീര്‍ഘവീക്ഷണമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ അതിന് സഹായകരമായിരുന്നു. ഞങ്ങളുടെ പിതാവ് കരുണയും ദയയും ഉള്ള മനുഷ്യനായിരുന്നു. ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം എനിക്കും പ്രിയങ്കക്കും അദ്ദേഹം പഠിപ്പിച്ചു തന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം വേദനിപ്പിക്കുന്നു, ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്‌നേഹത്തോടെ ഓര്‍ക്കുന്നു’- രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും സച്ചിന്‍ പൈലറ്റും വീര്‍ഭൂമിയില്‍ മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1991 മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇ ചാവേറാക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്.