വിലക്കയറ്റം ലഘൂകരിക്കുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃക; ബൃന്ദ കാരാട്ട്

കണ്ണൂർ: വിലക്കയറ്റം ലഘൂകരിക്കുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കഴിഞ്ഞ ആറു വർഷമായി 13 ഇന അവശ്യസാധങ്ങൾ ഒരു പൈസപോലും വില വർദ്ധിപ്പിക്കാതെയാണ് എൽഡിഎഫ് സർക്കാർ വിതരണം ചെയ്യുന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ഇത് ദേശീയതലത്തിൽ രൂക്ഷമാകുന്ന വിലവർദ്ധനവിനെതിരായ കേരളത്തിന്റെ ഇടതുപക്ഷ ബദലാണെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

വിപണിവിലയേക്കാൾ 30 മുതൽ 50 ശതമാനത്തോളം കുറവിൽ കേരള സർക്കാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ കർഷകരിൽ നിന്ന് നേരിട്ട് ഗോതമ്പ് ശേഖരിക്കാതെ വൻകിട വ്യാപാരികൾക്ക് ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് കേന്ദ്രമെന്നും ബൃന്ദ വിമർശിച്ചു. ഭരണഘടനയല്ല ബുൾഡോസറാണ് ഇപ്പോൾ ഇന്ത്യയുടെ പ്രതീകം. ഒരു യന്ത്രം എന്ന നിലയിലല്ല ബുൾഡോസറിനെ കാണേണ്ടത്. അത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡയുടെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെയും പ്രതീകമാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെ അടിവേരറുക്കുന്ന നിലപാടുകളാണ് അവർ നടപ്പാക്കുന്നത്. ആരാധനാലയങ്ങൾ പോലും സങ്കുചിതരാഷ്ട്രീയകേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

അതേസമയം, ജനക്ഷേമത്തിന്റെ മികച്ച മാതൃകയായി സ്വയം വാഴ്ത്തുന്ന ആം ആദ്മി പാർടിയും കെജ്രിവാളും കേരളത്തിന്റെ വികസനമാതൃക പഠിക്കണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ അനീതികളെ ചെറുക്കുന്നതിൽ ശക്തമായ നിലപാടെടുക്കാൻ കെജ്രിവാളിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ബുൾഡോസർ രാജ് നടപ്പാക്കി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഒരു വാർത്താസമ്മേളനം നടത്താൻ പോലും അദ്ദേഹം തയ്യാറായത്. കേരളത്തിൽ വാണിജ്യസ്ഥാപനവുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ പാർടിക്ക് യോജിച്ചതല്ലെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.