ഇടത് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത് എന്തിന്; സർക്കാർ വികസന വിരുദ്ധരാണെന്ന് ഉമ തോമസ്

തൃക്കാക്കര: ഇടതു സർക്കാരിനെതിരെ വിമർശനവുമായി തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. സർക്കാർ വികസന വിരുദ്ധരാണെന്ന് ഉമ തോമസ് പറഞ്ഞു. ഇടത് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്നത് എന്തിനെന്നു ഉമ തോമസ് ചോദിക്കുന്നു.

വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങൾ തനിക്ക് നൽകുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.

നൂറ് തികയ്ക്കാൻ കിട്ടിയ സൗഭാഗ്യമായിട്ട് തൃക്കാക്കരയെ കാണുന്നവരല്ലേ ആഘോഷിക്കുന്നത്? സീറ്റ് മാത്രമാണ് അവർക്ക് പ്രധാനം. ജനഹിതത്തിന് വേണ്ടിയുള്ള വികസനമാണ് സംസ്ഥാനത്തിന് ആവശ്യം. മെട്രോ വിപുലീകരണം പോലും തൃക്കാക്കരയ്ക്ക് വേണ്ടി നടപ്പിലാക്കിയില്ലെന്നത് ഇടതു സർക്കാരിന്റെ വികസനവിരുദ്ധത തെളിയിക്കുന്നുണ്ടെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി.