ജി.എസ്.ടി സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപക സ്വാധീനം ചെലുത്തുന്നതുമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
‘ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയല്ല. മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നുമുള്ള ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. വിധിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ഈ വിധി കോപ്പറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ജി എസ് ടി നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയ കാലം മുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ജി എസ് ടി നടപ്പിലാക്കുകയും തുടര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ജി.എസ്.ടി സെലക്ട് കമ്മിറ്റിയില്‍ അംഗമായിരുന്ന ഘട്ടത്തില്‍ തന്നെ ജി എസ് ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങള്ക്ക് എതിരായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചു കൊണ്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാം’- ധനമന്ത്രി വ്യക്തമാക്കി.

