സ്‌കൂള്‍ തുറക്കല്‍; കടലാസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും വിലയുയരും

പേപ്പറിന്റെയും അച്ചടി അനുബന്ധ സാമഗ്രികളുടെയും അനിയന്ത്രിതമായ വിലവര്‍ധന കാരണം ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ കുത്തനെ വിലയുയരുക നോട്ടുബുക്കിനും മറ്റ് കടലാസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്കുമാകും. ആറ് മാസത്തിനകം വിവിധ തരത്തിലുള്ള പേപ്പറുകള്‍ക്ക് അമ്പത് ശതമാനത്തിലേറെ വില വര്‍ധനയാണുണ്ടായത്.

ഓഫ്സെറ്റ് പ്രിന്റിംഗിന്റെയും ബൈന്‍ഡിംഗ് വ്യവസായങ്ങളുടെയും കേന്ദ്രമായ കുന്നംകുളത്ത് നോട്ട്ബുക്ക് അച്ചടി വ്യവസായ മേഖല പലരും കയ്യൊഴിയുകയാണ്. ആറ് മാസത്തിനിടെ വിവിധയിനം പേപ്പറുകളുടെ വില അമ്പത് ശതമാനത്തിലേറെ വര്‍ധിച്ചത് പ്രതിഫലിക്കുക അടുത്ത അധ്യയനവര്‍ഷക്കാലത്താകും. നോട്ടുബുക്കിന്റെ വില കൂടാതെ അച്ചടിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കള്‍ക്കും വിലയേറും.

അതേസമയം, കൊവിഡ് സമയത്ത് ഇലക്ട്രോണിക് സമൂഹ മാധ്യമങ്ങള്‍ സജീവമായത് അച്ചടി രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുകിട പ്രസുകാര്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യവും നിലവിലുണ്ട്. കടലാസ് ഇറക്കുമതി വര്‍ധിപ്പിക്കണമെന്നും, രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പേപ്പറുകള്‍ക്ക് വിലനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.