ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി വൈകില്ല

കൊച്ചി: ആധാരം ഇനി ഓണ്‍ലൈനായി ഇനി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള ഫോം ഉടന്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇടനിലക്കാരില്ലാതെ ഇടപാടുകാര്‍ക്ക് സ്വയം ആധാരമെഴുതുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും ഓണ്‍ലൈനില്‍ ഫോമുകള്‍ ലഭ്യമല്ലായിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്.

ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കിയ ശേഷം മുദ്രപ്പത്രത്തിന്റെ വില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഓണ്‍ലൈനായി നല്‍കാന്‍ ആകും. നേരത്തെ ആധാരമെഴുത്ത് ലൈസന്‍സികളോ അഭിഭാഷകരോ വെണ്ടറില്‍ നിന്ന് മുദ്രപ്പത്രം വാങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. ഫീസ് അടച്ച് ഇടപാടുകാര്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കുന്നതായിരുന്നു രീതി.

അതിനാല്‍ പല രജിസ്‌ട്രേഷനുകള്‍ക്കും കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാന വരുന്നതോടു കൂടി ഭൂമി രജിസ്‌ട്രേഷനുണ്ടാകുന്ന കാലതാമസങ്ങള്‍ ഒഴിവാക്കും. പുതിയ രീതിയിലെ ഭൂമികൈമാറ്റ രജിസ്‌ട്രേഷന്‍ സംസ്ഥാനത്തെ എല്ലാ സബ്രജിസ്ട്രാര്‍ ഓഫീസുകളിലും നടപ്പാക്കും. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് നല്‍കുന്നതിനുള്ള ഇ- പെയ്മന്റ് സംവിധാനവും ലഭ്യമാണ്. ഇതിനായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.