ഗവ‍ര്‍ണര്‍ക്ക് സ്വന്തംനിലയിൽ പ്രവ‍ര്‍ത്തിക്കാനാവില്ല; നിർണായക പരാമർശവുമായി സുപ്രീം സുപ്രീം

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീംകോടതിക്ക് നൽകുന്ന അധികാരം ഉപയോഗിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാർ ശുപാർശ നൽകിയിട്ടും ഗവർണർ അത് നടപ്പാക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പേരറളിവാളൻ കേസിൽ ഗവർണറുടെ അധികാരവും പ്രവർത്തനവും സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിൽ നിലനിൽക്കുന്ന അധികാരവടംവലിയിൽ നിർണായകമാവും. മുപ്പതു കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം ലഭിച്ചത്. 2015 ലാണ് പേരറിവാളൻ തമിഴ്‌നാട് ഗവർണ്ണർക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഗവർണർ ഇത് നീട്ടിക്കൊണ്ടു പോയി. തുടർന്ന് പേരറിവാളൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പേരറിവാളന്റെ മോചനത്തിന് തമിഴ്‌നാട് സർക്കാർ ശുപാർശ നൽകിയെങ്കിലും ഗവർണ്ണർ തീരുമാനം രാഷ്ട്രപതി എടുക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു. ഗവർണറുടെ ഈ നടപടിക്കെതിരെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവർണർ. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാൻ ഗവർണർക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.