‘പോല്‍ ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യൂ; കൂടുതല്‍ സേഫ് ആകൂ

കണ്ണൂര്‍: ഇനി വീട് പൂട്ടി യാത്ര പോകുന്നവര്‍ പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ അറിയിച്ചാല്‍ കാര്യം കൂടുതല്‍ സേഫ്. ആപ്പിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷന്‍ കള്ളന്മാര്‍ക്ക് വിനയാകും. വീട് പൂട്ടിപ്പോകുന്നത് എത്ര ദിവസമായാലും വീട് പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. രജിസ്റ്റര്‍ചെയ്യുമ്പോള്‍ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോര്‍ട്ടലില്‍ എത്തുമെന്ന് ആപ്പിന്റെ സോഫ്‌റ്റ്വെയര്‍ ചുമതലയുള്ള എസ്.ഐ. ശ്യാംരാജ് ജെ.നായര്‍ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ?

  • ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് (pol-app) ഡൗണ്‍ലോഡ് ചെയ്യുക.
  • മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
  • സ്ഥലം, ലാന്‍ഡ് മാര്‍ക്ക്, ഫോണ്‍, ജില്ല ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കണം.
  • വെബ്‌പോര്‍ട്ടലില്‍നിന്ന് വിവിധ പോലീസ് പട്രോളിങ് സംഘങ്ങള്‍ക്ക് വിവരം നല്‍കും.
  • അവര്‍ സുരക്ഷയൊരുക്കുകയും രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്യും.

പോല്‍ ആപ്പിനും ലോക്ക്ഡ് ഹൗസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആറുലക്ഷത്തിലധികം പേര്‍ ആപ്പ് ഉപയോഗിച്ചു. വീട് പൂട്ടിപ്പോകുന്നവര്‍ക്ക് ലോക്ക്ഡ് ഹൗസ് ഓപ്ഷന്‍ വലിയ ഉപകാരമാണ്. അതത് പോലീസ് സ്റ്റേഷന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുവരെ ഇതില്‍നിന്നുള്ള വിവരം കിട്ടും.

പി.പ്രകാശ്,

പോല്‍ ആപ്പിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി.