1,345 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്‌

മുംബൈ: എല്‍.ഐ.സി ലിസ്റ്റിങ് നഷ്ടത്തിലായിരുന്നുവെങ്കിലും സെന്‍സെക്‌സ് 1,345 പോയന്റ് (2.54%)നേട്ടത്തില്‍ 54,318ലും നിഫ്റ്റി 417 പോയന്റ്(2.6%)ഉയര്‍ന്ന് 16,259ലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൈനയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയത് ലോഹ ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി മെറ്റല്‍ സൂചിക ഏഴ് ശതമാനവും, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് 10 ശതമാനവും ടാറ്റ സ്റ്റീല്‍ 7.6ശതമാനവും ജെഎസ്ഡ്ബ്ല്യു സ്റ്റീല്‍ 6 ശതമാനവും നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 2.5ശതമാനവും 2.8ശതമാനവും ഉയര്‍ന്നു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടമുണ്ടാക്കി. എന്‍എസ്ഇയില്‍ എല്‍ഐസി 872 രൂപ നിലവാരത്തിലാണ് ലിസ്റ്റ് ചെയ്തത്. 875.45 രൂപ നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.