തിരുവനന്തപുരം: സിനിമാ രംഗത്ത് പ്രവർത്തിച്ച് അവസാനം ആരും നോക്കാനില്ലാത്തവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇവർക്കായി ഒരു കെട്ടിടം പണിയാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ വച്ചായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
മാധവൻ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നിൽ. അറുന്നൂറോളം സിനിമയിൽ അഭിനയിച്ച മാധവൻ ചേട്ടൻ എങ്ങനെ ഗാന്ധി ഭവനിൽ എത്തിയെന്ന് താൻ ചിന്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധി ഭവനിൽ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആർക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവൻ ചേട്ടനാണെങ്കിൽ നാളെ ഒരു സജി ചെറിയാൻ. ആർക്കും അവിടെ എത്തേണ്ടി വരും. അമ്മയുടെ ആദ്യത്തെ സെക്രട്ടറിയാണ് മാധവൻ ചേട്ടൻ. അമ്മയുടെ ആരുമിപ്പോൾ ആ അപ്പനെ നോക്കുന്നില്ലെന്നതാണ് വേറെ പ്രശ്നം. സർക്കാർ ആലോചിച്ച് തീരുമാനമെടുത്തു. ഇത്തരക്കാർക്കായി ഒരു സംരക്ഷണ കേന്ദ്രം ഈ വർഷം തന്നെ പണിയുമെന്നും സാധിക്കുമെങ്കിൽ ആദ്യത്തെ അന്തേവാസിയായി മാധവൻ ചേട്ടനെത്തന്നെ കൊണ്ടുപോകുമെന്നും സജി ചെറിയാൻ അറിയിച്ചു.

