റോക്കി ഭായ് വീണ്ടും; കെജിഎഫ്-3 ചിത്രീകരണം ഒക്ടോബറിന് ശേഷമെന്ന് നിര്‍മ്മാതാവ്‌

ആദ്യ രണ്ടാഴ്ചക്കുള്ളില്‍ 250 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും കെ.ജി.എഫ്-2 നേടിയത്. ഈ വര്‍ഷം പുഷ്പയില്‍ തുടങ്ങി ആര്‍.ആര്‍.ആറിലൂടെ അത് കെ.ജി.എഫ് 2-ല്‍ എത്തിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് അത് അഭിമാന നിമിഷമായി മാറി. ബോളിവുഡില്‍ പോലും വലിയ ചലനങ്ങള്‍ തീര്‍ക്കാന്‍ കെ.ജി.എഫിനായി. കെ.ജി.എഫിനെ പ്രശംസിച്ച് ബോളിവുഡിലെ വലിയ താരങ്ങള്‍ പോലും രംഗത്തെത്തിയിരുന്നു.

കെ.ജി.എഫ് 2-ന്റെ വന്‍ വിജയത്തിന് പിന്നാലെ കെ.ജി.എഫിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തിന് ശേഷം കെ.ജി.എഫ് ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024-ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍വെല്‍ സിനിമകളുടെ മാതൃകയിലുള്ള ഒരു ചിത്രം ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറയുന്നു. ‘സംവിധായകന്‍ പ്രശാന്ത് നീല്‍ ഇപ്പോള്‍ പുതിയ ചിത്രം സലാറിന്റെ തിരക്കിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ട് പകുതിയാകാറായി. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. ഒക്ടോബറിലോ നവംബറിലോ സലാര്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് മാത്രമല്ല, ആ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും കെ.ജി.എഫ് സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ കാര്‍ത്തിക് ഗൗഡ നേരത്തെ പ്രതികരിച്ചിരുന്നു.