നിയന്ത്രണം കള്ളന്മാരുടെ കൈകളിൽ ഏൽപ്പിക്കുന്നതിനേക്കൾ നല്ലത് പാകിസ്താനിൽ അണുബോംബിടുന്നത്; ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: രാജ്യത്തിന്റെ അധികാരം കള്ളന്മാരുടെ കൈകളിലേക്ക് എത്തിയതിന്റെ ഞെട്ടലിലാണ് താനെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. രാജ്യത്തിന്റെ ഭരണസംവിധാനവും നീതിന്യായ വ്യവസ്ഥയും താറുമാറാക്കിയ ഇവരുടെ കൈകളിലേക്ക് ഭരണം എത്തുന്നതിനേക്കാൾ നല്ലത് രാജ്യത്ത് അണുബോംബ് വർഷിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇവർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കാൻ കൂട്ടുപ്രതിയല്ലാത്ത ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എങ്കിലും രാജ്യത്ത് ശേഷിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. ബനിഗലയിലെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്താന്റെ മുൻ ഭരണാധികാരികൾ നടത്തിയ അഴിമതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചെങ്കിലും അക്കാര്യത്തിൽ അന്വേഷണം നടത്താതെ സ്വന്തം സർക്കാരിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പാക് പ്രധാനമന്ത്രി പദവിയിലിരിക്കെ തനിക്ക് ലഭിച്ച ഉപദേശം. മെയ് ഇരുപതിന് പിടിഐ സംഘടിപ്പിക്കുന്ന ബഹുജനറാലി തടയാൻ ഷെരീഫ് ഭരണകൂടത്തിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഇരുപത് ലക്ഷത്തിലേറെ പേർ ഇസ്ലാമാബാദിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.