ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവച്ചു. ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ബിപ്ലബ് കുമാർ രാജിവെച്ചത്. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്ലബ് കുമാർ ദേവ് അറിയിച്ചു. ശനിയാഴ്ച്ച അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നിരുന്നു.
ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയക്കുകയും ചെയ്തിരുന്നു. അതേസമയം, മാണിക് സാഹയെയാണ് പുതിയത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം.
ത്രിപുര ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ അംഗവുമാണ് മണിക് സാഹ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ലബ് കുമാർ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം.

