രാഹുല്‍ അധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ല: സച്ചിന്‍ പൈലറ്റ്‌

കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഉദയ്പൂരില്‍ തുടരവെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ലെന്ന് സച്ചില്‍ പൈലറ്റ് അറിയിച്ചു. തകര്‍ന്നു കിടക്കുന്ന പാര്‍ട്ടിയുടെ പുരനുജ്ജീവനത്തിന് വേണ്ടിയാണ് ചിന്തന്‍ ശിബിരം ശ്രമിക്കുന്നത്. ചിന്തന്‍ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗണപതി ഹോമവും പൂജയും നടത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജഗദീശ് ശര്‍മ്മ പ്രതികരിച്ചു.

അതേസമയം, ഗണപതി ഹോമം നടത്തുന്നത് രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാനാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായ പൊളിച്ചെഴുത്താണ് പാര്‍ട്ടിയില്‍ വേണ്ടത്. ജി 23 നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാവിലെ 10 മണിക്കാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ഭാരവാഹികള്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മേധാവികള്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. വിഷയത്തില്‍ നിലപാട് അറിയിക്കുന്നില്ലെന്നും, പാര്‍ട്ടി ശാക്തീകരണ ചര്‍ച്ച തുടരട്ടെയെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.