കെഎസ്ആര്‍ടിസി പ്രതിസന്ധി; ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി അറിയിച്ചു. പണിമുടക്ക് ദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെ വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും ഇപ്പോള്‍ തീരുമാനമായി.

പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി സ്വീകരിക്കും. ജോലിക്കെത്താത്തവരുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശമ്പള ഇനത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.