രാജസ്ഥാനിൽ ചൂട് കനക്കുന്നു; പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട്

hot

ജയ്പുർ: രാജസ്ഥാനിൽ ചൂട് കനക്കുന്നു. അത്യുഷ്ണത്തെ തുടർന്ന് രാജസ്ഥാനിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രണ്ട് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ഭാഗങ്ങളിലും അന്തരീക്ഷ താപനില ഉയർന്നനിലയിൽ തുടരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ വടക്ക്, മധ്യ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾ കൊടുംചൂടിലാണ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഒരാഴ്ചക്കുള്ളിൽ ഉഷ്ണ തരംഗസാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാജസ്ഥാനിൽ പലയിടങ്ങളിലേയും താപനില നാല് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്. ബർമാറിൽ താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നു. ശ്രീഗംഗാനഗറിൽ 47.3, ബിക്കാനിറിൽ 47.2, ചുരൂവിൽ 47, അജ്മീറിൽ 45, ഉദയ്പുരിൽ 44 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.

അതേസമയം, ഡൽഹിയിലും താപനില ഉയർന്നു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ഡൽഹിയിലെ താപനില ഉയർന്ന് 44 ഡിഗ്രി സെൽഷ്യസോളമെത്തുമെന്നാണ് പ്രവചനം.