കെ-റെയില്‍ ഡിപിആര്‍ തട്ടിക്കൂട്ട്; സിസ്ട്രക്ക് മറുപടി നല്‍കി അലോക് കുമാര്‍ വര്‍മ

സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുടെ പേരില്‍ സിസ്ട്ര അയച്ച മാനനഷ്ട നോട്ടിസിന് മറുപടിയുമായി റെയില്‍വേ മുന്‍ ചീഫ് എഞ്ചിനീയറുമായ അലോക് കുമാര്‍ വര്‍മ.

‘ഞാനാണ് മാനനഷ്ടക്കേസ് നല്‍കേണ്ടത് . വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ അഭിപ്രായങ്ങള്‍ ഉന്നയിച്ചത് ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയത്തെ മുന്‍നിര്‍ത്തിയാണ്. സില്‍വര്‍ ലൈന്‍ ഡി പി ആര്‍ തട്ടിക്കൂട്ടാണ്. പൊതുമധ്യത്തില്‍ ഉള്ള രേഖകള്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. സിസ്ട്രയുടെ ബിസിനസ് ക്രിട്ടിക്കല്‍ വിവരങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ആറു മാസത്തോളം സിസ്ട്രയും കെ റെയിലും ഡിപിആര്‍ മുന്‍നിര്‍ത്തി തെറ്റായ പ്രചരണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഞാന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതും ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചതും’- അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ മുഖേന സിസ്ട്രയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കെ-റെയില്‍ കണ്‍സള്‍ട്ടന്റായ സിസ്ട്രയെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ച അലോക് വര്‍മയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് സിസ്ട്ര വക്കീല്‍ നോട്ടീസ് അയച്ചത്. അപകീര്‍ത്തികരമായ ലേഖനങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും 72 മണിക്കൂറിനുള്ളില്‍ മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും എന്നും സിസ്ട്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.