പ്രണോയ് തിളങ്ങി; ഒപ്പം ഇന്ത്യയും

ബാങ്കോംഗ്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. സെമിയില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ അട്ടിമറിച്ച് ഇന്ത്യ തോമസ് കപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി.

2-2ന് സമനിലയില്‍ നില്‍ക്കുമ്പോള്‍ അവസാന മത്സരത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. റസ്മസ് ജംകെയെ 13-21, 21-9, 21-12 എന്ന സ്‌കോറിനാണ് പ്രണോയ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിലും പ്രണോയിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

ലക്ഷ്യ സെന്‍ ലോക ഒന്നാം നമ്ബര്‍ താരം വിക്റ്റര്‍ അക്സല്‍സെനിനോട് 13-21, 13-21 എന്ന് സ്‌കോറിന് തോറ്റിരുന്നു. എന്നാല്‍ ഡബിള്‍സില്‍ ചിരാഗ്- സാത്വിക് സഖ്യം തങ്ങളുടെ എതിരാളികളെ കീഴ്‌പ്പെടുത്തിയതോടെ 1-1 സമനില ആയി. പിന്നാലെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് ആന്‍ഡേഴ്സ് അന്റോണ്‍സനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ (21-18, 12-21, 21-15) പരാജയപ്പെടുത്തിയതോടെ ഇന്ത്യ ലീഡ് നേടി. എന്നാല്‍ രണ്ടാം ഡബിള്‍സില്‍ കപില- അര്‍ജുന്‍ സഖ്യം തോറ്റതോടെ വീണ്ടും ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് പ്രണോയ് ജയിച്ചതോടെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു.