കെ വി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്; നടപടി എഐസിസിയുടെ അനുമതിയോടെ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. കേരളത്തിന്റെ വികസനത്തിന് കെ റെയിൽ ആവശ്യമാണെന്ന് കെ വി തോമസ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അറിയിച്ചിരുന്നു. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതുവെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. തൃക്കാക്കരയിൽ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലാണ് യുഡിഎഫിനെ കെ വി തോമസ് വിമർശിച്ചത്.