തൃക്കാക്കര: കേരളത്തിന്റെ വികസനത്തിന് കെ റെയിൽ ആവശ്യമാണെന്ന് കെ വി തോമസ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ നയിക്കാൻ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറ്റില കല്ലിട്ടു, കുണ്ടന്നൂർ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേൽപ്പാലം പണിതുവെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. തൃക്കാക്കരയിൽ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലാണ് യുഡിഎഫിനെ കെ വി തോമസ് വിമർശിച്ചത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താൻ വൈകിയതെന്ന് കെ വി തോമസ് അറിയിച്ചു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും. അതിന്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നൽകാത്ത സാഹചര്യം ഈ രാജ്യത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

