തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രതിഷേധം ഭയന്ന് കെ റെയിൽ കല്ലിടൽ ഇപ്പോൾ നിർത്തിവെച്ച് സർക്കാർ

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാണ് കെ റെയിൽ. പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. എന്നാൽ പ്രതിഷേധം ഭയന്ന് കെ റെയിൽ കല്ലിടൽ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. കലാപവും ലഹളയും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കല്ലിടൽ നിർത്തിവച്ചിരിക്കുന്നത്.

അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഈ പ്രതിഷേധങ്ങൾ ബാധിക്കുമോ എന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത് കെ റെയിൽ ഉൾപ്പെടെയുള്ള വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം നടത്തുന്നത്.

അതേസമയം സിൽവർ ലൈൻ പദ്ധതിയുടെ പ്രചാരണത്തിനായി വീണ്ടും പുസ്തകം പുറത്തിറക്കാനാണ് സർക്കാരിന്റെ തീരുമാനം. ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സർക്കാർ സ്വീകരിക്കുന്നത്.

ഇതിനായി അഞ്ച് ലക്ഷം കൈ പുസ്തകങ്ങൾ സർക്കാർ അച്ചടിക്കും. ഏഴര ലക്ഷം രൂപ ഇതിനായി സർക്കാർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.