ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാന്‍ ഗില്‍ രണ്ട് വര്‍ഷം കൂടി

കൊച്ചി: ഐഎസ്എല്‍ 2021-22 സീസണിലെ ഗോള്‍ഡന്‍ ഗ്ലൗവിന് അര്‍ഹനായ പ്രഭ്‌സുഖന്‍ സിങ് ഗില്ലുമായിട്ടുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2024 വര്‍ഷത്തേക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാര്‍ പുതുക്കിയത്. 17 മത്സരങ്ങളില്‍ കേരളത്തിനായി ഗ്ലൗ അണിഞ്ഞ ഗില്‍ 7 ക്ലീന്‍ ഷീറ്റും 49 സേവുകളാണ് നടത്തിയത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം നമ്ബര്‍ കസ്റ്റോഡിയനായ ആല്‍ബിനോ ഗോമസ് പരിക്കേറ്റ് സീസണില്‍ നിന്ന് പുറത്തായതോടെയാണ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ടീമിന്റെ വല കാക്കാന്‍ ഗില്ലിനെ ഏല്‍പ്പിക്കുന്നത്. 2021ലെ ഡ്യുറണ്ട് കപ്പിലാണ് ഗില്‍ ബ്ലാസ്റ്റേഴ്‌സിനായി ആദ്യമായി ഗ്ലൗ അണിയുന്നത്.

‘ക്ലബ്ബുമായിട്ടുള്ള കരാര്‍ നീട്ടുന്നതില്‍ ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നു. കഴിഞ്ഞ സീസണ്‍ അത്തരത്തിലുള്ള ഒന്നായിരുന്നു. ഈ ക്ലബ്ബുമൊത്തുള്ള അടുത്ത രണ്ട് വര്‍ഷം മികച്ചതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാന്‍ കാത്തിരിക്കുന്നത്, രണ്ട് വര്‍ഷത്തെ കളി, വിജയങ്ങള്‍, ടൈറ്റില്‍ തുടങ്ങിയവയ്ക്കാണ്! എനിക്ക് ഇനിയും ഒരുപാട് പഠിക്കാനും നേടാനും ഉണ്ട്’ ഗില്‍ കരാര്‍ പുതുക്കിയതിന് ശേഷം അറിയിച്ചു.

‘കഴിഞ്ഞ സീസണിലെ താരത്തിന്റെ മികച്ച പ്രകടനത്തിനും ടീമിലെ കരാര്‍ പുതുക്കിയതിനും ഞാന്‍ ഗില്ലിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. നാളുകളായി ക്ഷമയോടെ കാത്തിരുന്ന ഗില്‍ തനിക്ക് അവസരം ലഭിച്ചതിന് ശേഷം താന്‍ എത്ര നല്ല എതിരാളിയാണെന്നും എത്ര നിലവാരമുള്ള കളിക്കാരനാണെന്നും കാണിച്ചുതന്നു. ഞങ്ങള്‍ ഒരുമിച്ച് തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.