കെ വി തോമസിനോട് എക്കാലവും ബഹുമാനമാണുള്ളത്; ഉമ തോമസ്

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ വി തോമസിന്റെ നിലപാടിൽ പ്രതികരണവുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വിഷയത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് ഉമ തോമസ് അറിയിച്ചു.

കെ വി തോമസിനോട് എക്കാലവും ബഹുമാനമാണുള്ളതെന്നും ജീവനുള്ള കാലം വരെ കെ വി തോമസിനോടുള്ള ബഹുമാനം തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി. കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ വി തോമസ് ഈ നിർണായക നിമിഷത്തിൽ നന്ദികേട് കാണിച്ചോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് വ്യക്തി സ്വതന്ത്രമാണെന്നായിരുന്നു ഉമയുടെ മറുപടി.

നന്ദികേടെന്ന് പറയാൻ പാടില്ല. തനിക്ക് മാഷിനോട് ബഹുമാനമാണുള്ളത്. അത് തുടരുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് അറിയിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും കെ വി തോമസ് പങ്കെടുക്കും.