ബംഗളൂരു: അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ഉത്തരവിട്ട് കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അതേസമയം, ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവർ സ്വമേധയാ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിൽ തീരുമാനമെടുക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സർക്കാർ ആവശ്യപ്പെട്ടു.
നേരത്തെ, കർണാടകയിലെ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ ഒഴിവാക്കണമെന്ന് ശ്രീരാമസേന അന്ത്യശാസന നൽകിയിരുന്നു. ഏപ്രിൽ 13 നുള്ളിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ ബാങ്കുവിളിയ്ക്കുന്ന അഞ്ചു നേരവും ക്ഷേത്രങ്ങളിൽ ഉച്ചത്തിൽ ഭജന പാടുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു. എന്നാൽ, ആരാധനാലയങ്ങളിൽ ശബ്ദം നിയന്ത്രിച്ച് ഉച്ചഭാഷിണികൾ ഉപയോഗിക്കാനാണ് ഹൈക്കോടതി നിർദ്ദേശമെന്നും ഇത് തുടരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിശദീകരിച്ചു.

