കൊളംബോ: ശ്രീലങ്കയിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സർക്കാർ. പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കണമെന്നാണ് ഉത്തരവ്. പൊതുമുതൽ നശിപ്പിക്കുന്നവരെയും കൊള്ള നടത്തുന്നവരേയും കണ്ടാൽ വെടിവെയ്ക്കാൻ ശ്രീലങ്കൻ പ്രതിരോധമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജി വെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്‌സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകർ തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടികൾ സ്വീകരിക്കാൻ ശ്രീലങ്കൻ ഭരണകൂടം ഉത്തരവിട്ടത്. ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ സൈന്യത്തിന് കൂടുതൽ അധികാരം നൽകിയിരിക്കുകയാണ്. സർക്കാരിനെതിരെയുള്ള കലാപം അടിച്ചമർത്താൻ വേണ്ടിയാണ് പ്രസിഡന്റ് ഗോത്തബയ രജപക്‌സെ സൈന്യത്തിന് കൂടുതൽ അധികാരം നൽകിയത്. അതേസമയം, ശ്രീലങ്കയിൽ അക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 250 ന് മുകളിലെത്തി. 8 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച മഹീന്ദ രജപക്‌സെ രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്. ക്രമസമാധാന തകർച്ചയുടെ പേരിൽ രജപക്‌സയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെയാണ് അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയത്. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് അദ്ദേഹം രഹസ്യകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടത്. അതേസമയം, ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

