ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല; കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ’10-ാം തീയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് ജീവനക്കാര്‍ സമരത്തിന് പോകരുതെന്ന നിബന്ധനയിലാണ്. സര്‍ക്കാര്‍ നല്‍കിയ ആ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ സമരത്തിലേക്ക് പോയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടല്ലോ. സര്‍ക്കാരിന്റെ വാക്ക് യൂണിയനുകള്‍ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി സര്‍ക്കാരിന് ശമ്പള പ്രതിസന്ധിയില്‍ ഒരുത്തരവാദിത്വവുമില്ല. ഇനി എന്തു ചെയ്യണമെന്ന് യൂണിയനുകളും മാനേജ്മെന്റും തീരുമാനിക്കട്ടെ’- മന്ത്രി പറഞ്ഞു.

30 കോടി രൂപയുടെ ധനസഹായം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇക്കാര്യം നോക്കുന്നത് മാനേജ്മെന്റ് ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു ദിവസത്തെ പണിമുടക്ക് കൊണ്ട് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വക്കുന്നത്. സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ പണിമുടക്കുകയായിരുന്നു. സിഐടിയു മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ പത്താം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെ സിഐടിയു മാനേജ്മെന്റിനെതിരെ രംഗത്തെത്തുകയായിരുന്നു.