ചെന്നൈ: ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. ഷവർമ ഇന്ത്യൻ ഭക്ഷണരീതിയുടെ ഭാഗമല്ലെന്നും അത് കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു. നാട്ടിൽ മറ്റ് നല്ല ഭക്ഷണങ്ങൾ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷവർമ കഴിച്ച് കേരളത്തിൽ ഒരു വിദ്യാർഥിനി മരിക്കുകയും കേരളത്തിലും തമിഴ്നാട്ടിലും ഏതാനും പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
പാശ്ചാത്യ രാജ്യങ്ങൾക്ക് അവരുടെ കാലാവസ്ഥാ സാഹചര്യങ്ങളാൽ ഷവർമ യോജിച്ചതാകാം. ആ രാജ്യങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് പോകാറുണ്ട്. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ പുറത്ത് സൂക്ഷിച്ചാൽ പോലും കേടാവില്ല. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ലെങ്കിൽ മാംസം കേടുവരാനിടയുണ്ടെന്നും കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും മന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യമെമ്പാടുമുള്ള ഷവർമ കടകൾക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങൾ നേരിട്ട് ഏൽക്കുന്ന വിധത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കൾക്ക് താല്പര്യമുണ്ടെന്ന കാരണത്താൽ പല കടകളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് വില്പന നടത്തുന്നത്. സംസ്‌കരിച്ച മാംസം വിൽക്കാനുള്ള അനുമതിയുണ്ടോ എന്ന് പോലും ഇത് വില്ക്കുന്നവർ ചിന്തിക്കാറില്ല. കച്ചവടചിന്ത മാത്രമേ അവർക്കുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതികളെ തുടർന്നു സംസ്ഥാനത്തുടനീളം റെയിഡുകൾ നടത്താനും അദ്ദേഹം നിർദേശിച്ചു.

