‘മേജര്‍’ ജൂണ്‍ 3ന്‌

മുംബൈ: അദ്വിശേഷ് നായകനായെത്തുന്ന മേജറിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മേജര്‍ സന്ദീപിന്റെ മാതാപിതാക്കളുടെ വൈകാരികമായ വാക്കുകളിലൂടെയാണ് ട്രെയ്ലര്‍ നീങ്ങുന്നത്. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നായകനായെത്തുന്ന അദിവി ശേഷ് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും.

മുംബൈ ഭീകരാക്രമണം മാത്രമല്ല സന്ദീപിന്റെ ജീവിതമെന്നും അതിനും എത്രയോ മുന്‍പ് സന്ദീപിന്റെ കഥ തുടങ്ങുന്നുവെന്നും ട്രെയ്ലറില്‍ പറയുന്നു. പ്രകാശ് രാജും രേവതിയുമാണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളുടെ വേഷം കൈകാര്യം ചെയ്യുന്നത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

ശശി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ഹിന്ദിയിലും മലയാളത്തിലും തെലുങ്കിലുമാണ് ചിത്രമൊരുങ്ങുന്നത്.