ഗുജറാത്തിന് മുന്നില്‍ വീണ് ലക്‌നൗ

മുംബൈ: ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 62 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റാന്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റാന്‍സിന് നാലുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ സൂപ്പര്‍ ജയന്റ്‌സിനെ 13.5ഓവറില്‍ വെറും 82 റണ്‍സിന് ചുരുട്ടിക്കൂട്ടി ടൈറ്റാന്‍സ് വിജയം ആഘോഷിക്കുകയായിരുന്നു.ഇതോടെ 12 മത്സരങ്ങളില്‍ ഒന്‍പത് വിജയത്തോടെ 18 പോയിന്റുമായി ടൈറ്റാന്‍സ് പ്‌ളേഓഫ് ഉറപ്പാക്കി. 16 പോയിന്റുമായി ലക്‌നൗ രണ്ടാം സ്ഥാനത്തുണ്ട്.

അര്‍ദ്ധസെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും (63 നോട്ടൗട്ട് ),ഡേവിഡ് മില്ലര്‍(26), രാഹുല്‍ തെവാത്തിയ (22 നോട്ടൗട്ട്) എന്നിവരാണ് ടൈറ്റാന്‍സിന് ബാറ്റിംഗില്‍ വേണ്ടി പൊരുതിനോക്കിയത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സായ് കിഷോറും യഷ് ദയാലും ചേര്‍ന്നാണ് ബൗളിംഗില്‍ തിളങ്ങിയത്. മൂന്നാം ഓവറില്‍ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ (5) നഷ്ടമാകുമ്‌ബോള്‍ ടൈറ്റാന്‍സിന്റെ സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മൊഹ്‌സിന്‍ ഖാന്റെ ബൗളിംഗില്‍ ആവേഷ് ഖാനാണ് സാഹയെ ക്യാച്ചെടുത്ത് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ മാത്യുവേഡിനെ(10) അഞ്ചാം ഓവറില്‍ ആവേഷ് കീപ്പര്‍ ഡി കോക്കിന്റെ കയ്യിലെത്തിച്ചപ്പോള്‍ ടീം സ്‌കോര്‍ 24/2 എന്നായി. തുടര്‍ന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (11) ഗില്ലും കാലുറപ്പിക്കാന്‍ നോക്കിയെങ്കിലും സ്‌കോര്‍ ബോര്‍ഡിന് വലിയ വേഗമുണ്ടായില്ല. പത്താം ഓവറില്‍ ടീംസ്‌കോര്‍ 51ലെത്തിയപ്പോള്‍ ഹാര്‍ദിക്കിനെയും ആവേഷ് ഡികോക്കിന്റെ കയ്യിലെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് ക്രീസിലെത്തിയ മില്ലറും ഗില്ലും കൂട്ടിച്ചേര്‍ത്ത 52 റണ്‍സ് 100കടത്തി. എന്നാല്‍ 16 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ മില്ലറും കൂടാരം കയറി.ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. അവസാന നാലോവറില്‍ ഗില്ലും തെവാത്തിയയും ചേര്‍ന്ന് 41 റണ്‍സാണെടുത്തത്.ആദ്യ പന്തുമുതല്‍ അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന ഗില്‍ 49 പന്തുകള്‍ നേരിട്ട് ഏഴുബൗണ്ടറികളുടെ അകമ്ബടിയോടെയാണ് 63 റണ്‍സ് നേടിയത്. മറുപടിക്കിറങ്ങിയ ലക്‌നൗ നിരയില്‍ ദീപക് ഹൂഡ(27),ആവേഷ് ഖാന്‍ (12),ഡികോക്ക് (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കെ.എല്‍ രാഹുല്‍(8),കരണ്‍ ശര്‍മ്മ (4), ക്രുനാല്‍ പാണ്ഡ്യ(5), ബദോനി (8),സ്റ്റോയ്‌നിസ് (2) എന്നിവരുടെ പുറത്താകല്‍ ലക്‌നൗവിന് തിരിച്ചടിയായി മാറി