തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഇടതു പ്രചരണത്തിനുണ്ടാകും കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ.വി തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാളെ മുഖ്യമന്ത്രി പിണറായി വിജയനോടാെപ്പം ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് കെ.വി തോമസ്. ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും എന്നാല്‍, കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എ ഐ സി സി അംഗമാണ് ഞാന്‍. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ വികസനത്തിന് ഒപ്പം നില്‍ക്കുന്നത്. വികസനം കാെണ്ടു വരുന്നത് ഇപ്പോള്‍ പിണറായി വിജയനാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് ആവശ്യമാണ്. തൃക്കാക്കരയില്‍ വികസന രാഷ്ട്രീയം പറയാന്‍ ഞാന്‍ ഉണ്ടാകും. പത്ത് വോട്ടിന് വേണ്ടി വികസനത്തെ തള്ളി പറയരുത്. കോണ്‍ഗ്രസ് നേതാക്കാള്‍ ഇപ്പോള്‍ ചെയ്യുന്നത് അതാണ്. കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കാലാകാലങ്ങളിലെ സര്‍ക്കാരുകളാണ്. കെ കരുണാകരന്റെ സംഭാവന പറയാതിരിക്കാന്‍ ആവില്ല. എറണാകുളം ജില്ലയിലെ വികസനത്തിന് ഏറ്റവും പങ്കാളിത്തം വഹിച്ചത് ഞാനാണ്. യു ഡി എഫ് കണ്‍വെന്‍ഷനിലേക്ക് വിളിച്ചിട്ടില്ല. കാണാമെന്ന് പറഞ്ഞിട്ടും ഉമാ തോമസ് മറുപടി തന്നില്ല. ചില നേതാക്കള്‍ വ്യക്തിപരമായ തല്‍പര്യം മൂലം ഉമയെ അകറ്റി നിര്‍ത്തുകയാണ്’- കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.