കര്‍ണാടകയിലെ ആദ്യ ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനത്തിന് പിന്നാലെ തകര്‍ന്നു

മംഗളൂരു: കര്‍ണാടക ഉഡുപ്പി മല്‍പെ ബീച്ചില്‍ കഴിഞ്ഞ വെള്ളിയാഴ്ച എംഎല്‍എ രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത ഫ്‌ളോട്ടിംഗ് പാലം തിരയില്‍ തട്ടി തകര്‍ന്നു വീണു. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് തുറന്നതായിരുന്നു പാലം. എന്നാല്‍, പാലം തകര്‍ന്നതല്ലെന്നും പരീക്ഷണോപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്നും കരാറുകാരന്‍ വിശദീകരിച്ചു. അതേസമയം, മെയ് 20 വരെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്ന് പറഞ്ഞിരിക്കെ നാലാം നാള്‍ അഴിച്ചിട്ടതെന്തിനെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

80 ലക്ഷം രൂപ ചിലവില്‍ നൂറു മീറ്റര്‍ നീളത്തിലും മൂന്നര മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ സജ്ജീകരണം. ഉദ്ഘാടന ദിവസം തന്നെ ഒട്ടേറെ പേര്‍ പാലം കാണാനെത്തിയിരുന്നു. തിങ്കളാഴ്ചയാണ് പാലം തകര്‍ന്നതായി കാഴ്ച തീരദേശവാസികള്‍ കണ്ടത്. പാലത്തിന്റെ ഭാഗങ്ങള്‍ കടലില്‍ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്ന നിലയിലായിരുന്നു.