ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പൊളിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച് സുപ്രീംകോടതി. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല കോടതി. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ആദ്യം ഹര്‍ജി നല്‍കട്ടെയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആദ്യം ഹൈക്കോടതിയില്‍ സമീപിച്ച് അവിടെ നിന്നും കേസ് തള്ളുകയാണെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യം മനസിലാക്കാം. പക്ഷേ ഇവിടെ നേരിട്ടാണ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. പൊളിക്കുന്നതിന് മുമ്ബ് എന്തുകൊണ്ട് നോട്ടീസ് നല്‍കിയില്ലെന്ന് കേന്ദ്രത്തിന് നേരെയും സുപ്രീംകോടതി ചോദ്യമുന്നയിച്ചിട്ടുണ്ട്.
നാളെ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശമുണ്ട്. അതുവരെ പൊളിക്കല്‍ നടപടി നിര്‍ത്തി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയതോടെ സിപിഎം ഹര്‍ജി പിന്‍വലിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരിക്ക് പിന്നാലെയാണ് ഷഹീന്‍ബാഗിലും ഒഴിപ്പിക്കല്‍ ശ്രമത്തിന്റെ ഭാഗമായി ഇടിച്ചു നിരത്തല്‍ നടത്തുന്നത്.

