നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അതിജീവിതയോട് അഭിപ്രായം തേടി സർക്കാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അതിജീവിതയോട് അഭിപ്രായം തേടി സംസ്ഥാന സർക്കാർ. അതിജീവിതയ്ക്ക് താത്പ്പര്യമുള്ളയാളെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന നിലപാടാണ് സർക്കാരിന്റേത്.

കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലും ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തു. ദിലീപിന്റെ വീടായ ആലുവയിലെത്തിയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്തത്. നാലര മണിക്കൂർ നേരമായിരുന്നു ചോദ്യം ചെയ്യൽ. ഈ മാസം 31 ന് മുൻപായി അന്വേഷണം പൂർത്തിയാക്കണമെന്ന കോടതി നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമുള്ള ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ഓഡിയോകളിൽ കാവ്യയെപ്പറ്റിയുള്ള പരാമർശമുണ്ടായിരുന്നു. ഈ ഓഡിയോ കേൾപ്പിച്ചും ചില ദൃശ്യങ്ങൾ കാട്ടിയുമാണ് ചോദ്യം ചെയ്യൽ പുരോഗമിച്ചത്.