കൊച്ചി: കശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ 10 പേരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തടിയന്റവിടെ നസീർ ഉൾപ്പെട്ട കേസിലാണ് 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത്. കേസിൽ രണ്ടാം പ്രതി ഉൾപ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. മറ്റുള്ളവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. രണ്ടാം പ്രതി എംഎച്ച് ഫൈസൽ, 14-ാം പ്രതി മുഹമ്മദ് ഫസൽ, 22-ാം പ്രതി ഉമർ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
ശിക്ഷിക്കപ്പെട്ട പ്രതികളും, എൻ ഐ എ യും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പ്രസ്താവം നടത്തിയത്. തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്.
പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. 2008 ൽ തടിയന്റവിടെ നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. 13 പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം ഉൾപ്പെടെയുള്ളവരുടെ ശിക്ഷ വിധിച്ചത്.

