കൊച്ചി: നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കാവ്യ ആരോപണങ്ങൾ നിഷേധിച്ചതായാണ് വിവരം. ആലുവയിലെ പത്മസരോവരം വീട്ടിൽവച്ചാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്യലിനായി 11.30 ഓടെയാണ് പത്മസരോവരത്തിലെത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമർശിക്കുന്ന ചില ശബ്ദരേഖകളും മറ്റും നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ആ ആരോപണമെല്ലാം നിഷേധിച്ച് കാവ്യ രംഗത്തെത്തിയിരുന്നു.
ദിലീപിന്റെ അടുത്ത ബന്ധുവിന്റെ ഫോണിൽ നിന്ന് കിട്ടിയ കോൾ റിക്കോർഡുകൾ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ദിലീപിന് നടിയെ ആക്രമിച്ച കേസിൽ പങ്കില്ലെന്നും അതിന് പിന്നിൽ കാവ്യാ മാധവനാകാമെന്നുമുള്ള സംശയമാണ് ഇയാൾ പങ്കുവയ്ക്കുന്നത്. ദിലീപിന്റെ പ്രശ്നങ്ങൾക്കെല്ലാം കാരണം കാവ്യയുമായുള്ള വിവാഹ ശേഷമുള്ള കഷ്ടകാലവും ജ്യോതിഷ പ്രശ്നവുമാണെന്നും ഇയാൾ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേസിലെ മാഡം കാവ്യ തന്നെയാണെന്ന സൂചനയും ഈ ഓഡിയോ നൽകുന്നുണ്ട്. നടിയെ ആക്രമിച്ച ശേഷം എന്തിന് പൾസർ സുനി പെൻഡ്രൈവ് ലക്ഷ്യയിൽ എത്തിച്ചു കൊടുത്തുവെന്ന സംശയമാണ് ദിലീപിന്റെ ബന്ധു ഉന്നയിക്കുന്നു. കാവ്യയെ കുടുക്കാൻ വേണ്ടി മറ്റുള്ള കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അതിന് പകരം വീട്ടാൻ ചെയ്തതാണ് ഇതെന്നും ഈ ഓഡിയോയിലുണ്ടെന്നാണ് വിവരം.

