മസ്‌ക് ട്വിറ്ററിനെ നശിപ്പിക്കുമെന്ന് ബില്‍ ഗേറ്റ്‌സ്‌

ഇലോണ്‍ മസ്‌ക് പൂര്‍ണമായും ട്വിറ്ററിനെ വാങ്ങിയതില്‍ പിന്നെ ഏത് ദിശയില്‍ കൊണ്ടുപോകുമെന്നുള്ളത് വലിയ ചര്‍ച്ചാ വിഷയമാണ്. നൂതന പദ്ധതികളെ പറ്റി ലോകം ചിന്തിച്ചുതുടങ്ങുമ്പോഴേക്കും മസ്‌കിന്റെ കയ്യില്‍ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ആ വിദ്യ ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജമായിരിക്കും. എന്നിരുന്നാലും ട്വിറ്ററിന്റെ ഗതിയെന്താകുമെന്നുള്ളതില്‍ പ്രതീക്ഷയും ആശങ്കയും പുലര്‍ത്തുന്നവരുടെ എണ്ണം ചെറുതല്ല.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ മസ്‌ക് ഒരു മോശം പ്ലാറ്റ്‌ഫോം ആക്കി മാറ്റുമെന്നാണ് ബില്‍ ഗേറ്റ്‌സ് പ്രസ്താവിച്ചിരിക്കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലിന്റെ സി ഇ ഒമാരുടെ ഉച്ചകോടിയിലാണ് അദ്ദേഹം ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. മസ്‌ക് ട്വിറ്ററിനെ കൂടുതല്‍ മോശമാക്കും, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പൂര്‍ണമായും വ്യക്തമല്ലെന്നുമാണ് ഗേറ്റ്‌സ് പറഞ്ഞത്. എന്നാല്‍ മോശം എന്നതുകൊണ്ട് ഗേറ്റ്‌സ് എന്താണ് ഉദ്ദേിച്ചതെന്ന് വ്യക്തമല്ല. ട്വിറ്റര്‍ സ്വന്തമാക്കിയതിലൂടെ മസ്‌കിന്റെ ഉദ്ദേശങ്ങളെന്താണെന്നും അദ്ദേഹം ചോദിച്ചു.

ട്വിറ്ററിന്റെ മോഡറേഷന്‍ നയങ്ങളെപ്പോലും വിമര്‍ശിച്ച മസ്‌ക് സെന്‍സര്‍ഷിപ്പ് ഇല്ലാത്ത സ്വതന്ത്രമായ ആശയവിനിമയമെന്ന് അദ്ദേഹം വിളിക്കുന്ന ഫ്രീ സ്പീച്ച് അഥവാ അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനാണ് ട്വിറ്റര്‍ സ്വന്തമാക്കിയതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, ഇത് യുക്തിസഹമാണോ എന്നാണ് ബില്‍ ഗേറ്റ്‌സ് ചോദിക്കുന്നത്. ആളുകള്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും പറയാന്‍ തുടങ്ങിയാല്‍ അത് അപകടങ്ങളിലേക്ക് വഴിവയ്ക്കുമെന്നും അതിനാല്‍ ഇതിനെപ്പറ്റി ഒന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.