പ്രതിഷേധം ശക്തം; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. മഹിന്ദ രാജപക്‌സെ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുനയില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിട്ടും രാജിവെയ്ക്കില്ലെന്ന നിലപാടായിരുന്നു രാജപക്‌സെ സഹോദരങ്ങളായ പ്രസിഡന്റ് ഗോതബായ രാജപക്‌സെയും മഹിന്ദ രാജപക്‌സെയും സ്വീകരിച്ചുവന്നത്.

അതേസമയം, മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ നേരത്തെ ആക്രമിച്ചിരുന്നു. ഇതില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കു നേരെയായിരുന്നു ആക്രമണം. ഇതിനെ തുടര്‍ന്ന് കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

രാജ്യത്ത് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടി വന്നു.