ന്യൂഡല്‍ഹി: കൊവിഡ് മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഉപയോഗിച്ച രീതി ശരിയല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്ക് തള്ളി 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും രംഗത്ത്. പ്രതിപക്ഷം ഭരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഗുജറാത്തില്‍ നടന്ന പതിനാലാം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്രം പ്രമേയം പാസാക്കിയതായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഇന്ത്യയുടെ സിവില്‍ രജിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, 81 ലക്ഷം പേരാണ് 2020 ല്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ അധികമായുണ്ടായ 4.74 ലക്ഷം മരണവും കൊവിഡ് കാരണമാണെന്നു പറയാന്‍ കഴിയില്ല. ഔദ്യോഗിക കണക്കുപ്രകാരം, 2020 ല്‍ 1.49 ലക്ഷം പേര്‍ മാത്രമാണ് കൊവിഡ് മൂലം മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകത്ത് ഏറ്റവുമധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത് ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020, 2021 വര്‍ഷങ്ങളില്‍ 47 ലക്ഷത്തോളം പേര്‍ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടിയോളം വരും ഇത്.

