തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഞായറാഴ്ച്ച 572 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.
65 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതൽ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളിൽ 2048 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 134 സർവയലൻസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനകൾ ശക്തമായി തുടരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

