ന്യൂഡൽഹി: രാജ്യത്ത് ജി.എസ്.ടി വരുമാനം സർവകാല റെക്കോർഡിലെത്തിയതിന് പിന്നാലെ ഇ-വേ ബില്ലുകളുടെ എണ്ണം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. ഏപ്രിൽ മാസം 1.68 ലക്ഷം കോടി രൂപയായിരുന്നു ജി.എസ്.ടി വരുമാനം. രാജ്യത്തെ എക്കാലത്തെയും ഉയർന്ന നേട്ടമാണ് ഇത്. മാർച്ച് മാസം ലഭിച്ച 1.42 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുമ്പത്തെ റെക്കോർഡ്.
സമ്പദ് പ്രവർത്തനങ്ങളുടെ ട്രെൻഡ് നിശ്ചയിക്കുന്ന മുഖ്യഘടകവും ജി.എസ്.ടി വരുമാനത്തിന്റെ മുഖ്യ സ്രോതസുകളിലൊന്നുമായ ഇ-വേ ബില്ലുകളുടെ എണ്ണം മാർച്ചിൽ 7.7 കോടിയിൽ എത്തിയിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർദ്ധനവാണ് മാർച്ചിൽ ഉണ്ടായത്. എന്നാൽ, ഏപ്രിലിൽ ഇ-വേ ബില്ലുകൾ നാല് ശതമാനം കുറഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏപ്രിലിലെ ഇടപാടുകളുടെ നികുതി സമാഹരണം ഈ മാസം നടക്കുകയാണ്. ഇതിന്റെ കണക്ക് ജൂൺ ഒന്നിന് പുറത്തുവരും. ഇ-വേ ബില്ലുകൾ കുറഞ്ഞതിനാൽ മേയിലെ സമാഹരണം (ജി.എസ്.ടി വരുമാനം) റെക്കാഡിൽ നിന്ന് താഴേക്ക് വീഴുമെന്നും വിലയിരുത്തപ്പെടുന്നു. മാർച്ചിൽ പ്രതിദിനം 25.08 ലക്ഷം ഇ-വേ ബില്ലുകൾ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഏപ്രിലിൽ ഇത് 25 ലക്ഷത്തിലേക്ക് കുറഞ്ഞു. 50,000 രൂപയ്ക്കുമേൽ മൂല്യമുള്ള ചരക്ക്/സേവനത്തിന്റെ സംസ്ഥാനാന്തര നീക്കത്തിനുള്ള അനിവാര്യരേഖയാണ് ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ-വേ ബിൽ.
അതേസമയം, 2,689 കോടി രൂപയാണ് കേരളം ഏപ്രിൽ നേടിയ ജി.എസ്.ടി വരുമാനം. 2021 ഏപ്രിലിലെ 2,466 കോടി രൂപയേക്കാൾ 9 ശതമാനം മാത്രമാണ് വളർച്ച. പ്രതിമാസം 14 ശതമാനത്തിന് താഴെ വളരുന്ന സംസ്ഥാനങ്ങൾക്ക് ആനുപാതിക നഷ്ടപരിഹാരം കേന്ദ്രം നൽകിയിരുന്നു. ഈ ആനുകൂല്യം ജൂണിൽ അവസാനിക്കും. ജൂണിന് ശേഷവും വരുമാന വളർച്ച 14 ശതമാനത്തിനുമേൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു.

