തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഇതുവരെ 2,79,465 വീടുകളാണ് നിർമ്മിച്ചതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. 9256 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിഭാഗത്തിൽ 1,81,118, പട്ടികജാതി വിഭാഗത്തിൽ 66,665, പട്ടികവർഗ വിഭാഗത്തിൽ 25,015, മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 6,667 എന്നിങ്ങനെയാണ് വീടുകൾ നിർമ്മിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭൂരഹിത ഭവനരഹിതരുടെ കിടപ്പാടമെന്ന സ്വപ്നം സാക്ഷാൽക്കരിക്കലാണ് പദ്ധതിയുടെ മൂന്നാംഘട്ട ലക്ഷ്യം. ഇതിനായുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 25 കോടിയോളം രൂപയും 997 സെന്റ് സ്ഥലവും സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീട് വെച്ചു കൊടുക്കാനും തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കാനും സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്.

