സിൽവർലൈൻ പദ്ധതി ഒരു കാരണവശാലും നടത്താൻ അനുവദിക്കില്ല; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിന് സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതം ഉണ്ടാക്കുന്ന സിൽവർലൈൻ പദ്ധതി ഒരു കാരണവശാലും നടത്താൻ അനുവദിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ പദ്ധതി പതിനായിരകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും നിരവധി പേരുടെ ജീവനോപധി ഇല്ലാതാക്കുന്നതുമാണെന്ന് അദ്ദേഹം വിമർശിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കേരളത്തിന് ഭീമമായ തുക ചെലവ് വരുന്ന ഈ പദ്ധതി കൊണ്ട് എന്തുഗുണമാണ് ലഭിക്കുന്നതെന്ന് സുധാകരൻ ചോദിച്ചു. കൃത്യമായ വിശദ പദ്ധതിരേഖയോ കേന്ദ്ര സർക്കാരിന്റെ അനുമതിയോ ഇല്ലാതെയാണ് സംസ്ഥാന സർക്കാർ കെ.റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സിൽവർലൈനിന് എതിരായ ജനകീയ പ്രതിഷേധങ്ങളെ അധികാരഗർവ്വ് ഉപയോഗിച്ച് കായികമായി നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിൽവർ ലൈൻ പദ്ധതി അതിജീവനത്തിന്റെ കാര്യമാണ്. പദ്ധതിയിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ആരെ ബോധ്യപ്പെടുത്തിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പദ്ധതിയുടെ പിറകിൽ ആകർഷണീയമായ എന്തോ ഉണ്ട്. എന്ത് പദ്ധതിക്കും കമ്മിഷൻ വാങ്ങുന്നതാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.