തിരുവനന്തപുരം: കാസർഗോഡ് ചെറുവത്തൂരിൽ നിന്നും ശേഖരിച്ച ഷവർമ സാമ്പിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തിൽ നിന്നും ശേഖരിച്ച ചിക്കൻ ഷവർമയുടേയും പെപ്പർ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പർ പൗഡറിൽ സാൽമൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാമ്പിളുകൾ അൺസേഫ് ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും വീണാ ജോർജ് അറിയിച്ചു.
അതേസമയം, നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 349 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതൽ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

