എസ്ബിഐ ശാഖകൾ ഞായറാഴ്ചയും തുറക്കും

ന്യൂഡൽഹി: രാജ്യത്തെ എസ്ബിഐ ശാഖകൾ മെയ് എട്ട് ഞായറാഴ്ചയും തുറക്കും. എൽഐസിയുടെ ഐപിഒ നടക്കുന്ന പശ്ചാത്തലത്തിൽ ആർബിഐയുടെ നിർദേശ പ്രകാരമാണ് തീരുമാനം. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

ശാഖകൾ ഞായറാഴ്ച തുറക്കുന്നതിൽ നേരത്തെ എതിർപ്പറിയിച്ച് എസ്ബിഐ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് എസ്ബിഐ തീരുമാനം മാറ്റുകയായിരുന്നു. എൽ.ഐ.സി ഐ.പി.ഒക്ക് വേണ്ടി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഒരു സന്തോഷവാർത്തയെന്ന് പറഞ്ഞാണ് ശാഖകൾ തുറക്കുന്ന വിവരം എസ്.ബി.ഐ അറിയിച്ചത്.

മെയ് നാലിനാണ് എൽ.ഐ.സിയുടെ ഐ.പി.ഒ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപനകളിലൊന്നാണ് എൽ.ഐ.സിയുടേത്. വ്യാഴാഴ്ച തന്നെ എൽ.ഐ.സി ഐ.പി.ഒയുടെ മുഴുവൻ യൂനിറ്റുകളും ആളുകൾ വാങ്ങിയിരുന്നു. മെയ് 9 വരെയാണ് ഐ.പി.ഒക്കായി അപേക്ഷിക്കാൻ കഴിയുന്നത്.