തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പാഠ്യപദ്ധതിയില്‍ അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷ തുടങ്ങിയവയും പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ മൂന്നു ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം കൈറ്റ് വിക്ടേഴ്‌സ് സ്റ്റുഡിയോയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സര്‍ക്കാരിന്റ നൂറുദിന പദ്ധതിയുടെ ഭാഗമായി ആദ്യം 2 ലക്ഷം അമ്മമാര്‍ക്കാണ് പരിശീലനം നല്‍കാന്‍ ഉദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍, ഇതിനോടുള്ള വന്‍ പ്രതികരണം കാരണം കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി പത്തുലക്ഷം പേര്‍ക്ക് ഈ വര്‍ഷം പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
മൂന്നു മണിക്കൂറിനുള്ളില്‍ അഞ്ചു സെഷനുകളായി 30 പേരുള്ള വിവിധ ബാച്ചുകളായി ഇന്നു മുതല്‍ മെയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരത്തോളം ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴിയുള്ള പരിശീലനം നീണ്ടു നില്‍ക്കും. പുതിയ ലോകത്തെ അറിയല്‍, സൈബര്‍ ആക്രമണം പ്രതിരോധിക്കല്‍, സൈബര്‍ സുരക്ഷ, വ്യാജവാര്‍ത്തകള്‍തിരിച്ചറിയലും വസ്തുതകള്‍ കണ്ടെത്തലും എന്നിങ്ങനെയുള്ള സെഷനുകള്‍ പ്രധാനമായും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ കുട്ടികളാണ് കൈകാര്യം ചെയ്യുന്നത്.

