ബാങ്കിംഗ് മേഖലക്ക് ഉണര്‍വേകാന്‍ ഡിജിറ്റല്‍ ബാങ്കുകളുമായി കേന്ദ്രം

രാജ്യത്ത് ബാങ്കിംഗ് മേഖലയില്‍ പുത്തന്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കുകള്‍ പൂര്‍ണ കടലാസ് രഹിതമായി ആരംഭിക്കും. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ജനങ്ങള്‍ക്ക് ഇവിടെ നിന്ന് അറിവും ലഭിക്കും. ഈ വര്‍ഷം ജൂലായില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും, പത്ത് സ്വകാര്യ മേഖലാ ബാങ്കുകളും ചെറുകിട ധനകാര്യബാങ്കും ഡിജിറ്റല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ ജനങ്ങളെ സഹായിക്കാനായി ഉണ്ടാകും. എന്നാല്‍, ഡിജിറ്റല്‍ ബാങ്ക് യൂണിറ്റുകളില്‍ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഇടപാടുകള്‍ സ്വന്തമായി നടത്തുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും.