ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണം; നിർദ്ദേശം മുന്നോട്ടുവെച്ച് ചെന്നിത്തല

ന്യൂഡൽഹി: കോൺഗ്രസിൽ സമൂലമായ മാറ്റം വേണമെന്ന് നിർദ്ദേശിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനിൽ ആരംഭിക്കുന്ന ചിന്തൻ ശിബിരിന്റെ ഭാഗമായി ഡൽഹിയിൽ ചേർന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡി.സി.സി. അധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് നൽകണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കൾ പുനഃസംഘടിപ്പിക്കണം. പാർട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ എല്ലാ വർഷവും ഒരു മാസം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണ കാമ്പയിൻ നടത്തണമെന്നും ചെന്നിത്തല അറിയിച്ചു.

ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികൾ വേണമെന്ന് ഭരണഘടനയിൽ നിശ്ചയിക്കണം. വൻ നഗരങ്ങളിൽ പ്രത്യേക ഡി.സി.സികൾ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ 50, വലിയ സംസ്ഥാനങ്ങളിൽ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.