കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ തക്കാളിപ്പനി പടരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കെയാണ് ആശങ്കയുയർത്തി തക്കാളിപ്പനി പടരുന്നത്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് പനി ബാധിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താൽ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രോഗം കണ്ടെത്തിയ നെടുവത്തൂർ, അഞ്ചൽ, ആര്യങ്കാവ് പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. കുട്ടികളിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പല പ്രദേശങ്ങളിലെയും അങ്കണവാടികൾ അടച്ചിട്ടിരിക്കുകയാണ്. വിട്ടുമാറാത്ത പനിയും ശരീരഭാഗങ്ങൾ ചുവന്നു തടിക്കുന്നതുമാണ് തക്കാളിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ.

തക്കാളിപ്പനി ബാധിച്ചവർക്ക് ദേഹത്താകെയും നാവിലും കൈവെള്ളയിലും പൊള്ളിയതുപോലെ കുമിളകൾ ഉണ്ടാകുന്നു. ആഹാരം കഴിക്കാനാകാതെ കുട്ടികൾ ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായ ലക്ഷണങ്ങളാണ് തക്കാളിപ്പനിയ്ക്ക് അനുഭവപ്പെടുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും ഉണ്ടാവുന്നതാണ് പ്രധാനലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും.

തക്കാളിപ്പനി ബാധിച്ചവർ ചൂടുള്ള വസ്തുക്കൾ കഴിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുട്ടികളെ കുളിപ്പിക്കാം. നിർജ്ജലീകരണം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.