തിരുവനന്തപുരം: ജോൺ എം തോമസ് കേരള ഐടി പാർക്ക് സിഇഒ സ്ഥാനമൊഴിയുന്നു. പദവിയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്നതായി ജോൺ എം തോമസ് സർക്കാരിനെ അറിയിച്ചു. ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ സ്വകാര്യ കാരണങ്ങൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അമേരിക്കയിൽ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചു.
അതേസമയം, വിഷയത്തിൽ സർക്കാർ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി മടങ്ങി വന്ന ശേഷം തീരുമാനം അറിയിക്കാമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന മറുപടി. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ കൂടിയാണ് ജോൺ എം തോമസ്. കഴിഞ്ഞ മാർച്ചിലാണ് ജോൺ എം തോമസ് കേരള ഐടി പാർക്ക് സിഇഒയായി സ്ഥാനമേറ്റത്. അതേസമയം, ഇൻഫോ പാർക്കിൽ പബ്ബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

