തിരുവനന്തപുരം: യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ യുഡിഎഫ് തെറ്റായ പ്രചാരണം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
സഭയെ ഇതിലേക്ക് വലിച്ചിഴച്ചുവെന്നും എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എല്ലാ ഘടകങ്ങളും പരിശോധിച്ച് സ്ഥാനാർഥിയെ അവതരിപ്പിച്ചത് തങ്ങളുടെ അവകാശമാണ്. ലിസി ആശുപത്രിയെയും അപമാനിക്കാൻ ശ്രമിക്കുന്നതായി പി.രാജീവ് വിമർശിച്ചു. എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ലിസി ആശുപത്രിയിലല്ല. വിവരം അറിയിക്കാനാണ് താനടക്കം ആശുപത്രിയിൽ പോയത്. അപ്പോഴേക്കും മാദ്ധ്യമങ്ങൾ മുൻപേ എത്തി ഡോ. ജോ ജോസഫിനെ കാണാൻ ശ്രമിച്ചു. തുടർന്ന് ജോ ജോസഫ് മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ഞങ്ങൾ നിൽക്കണ്ട എന്നു കരുതി അരികിൽ ഇരുന്നതാണ്. ആശുപത്രി ഡയറക്ടറായ വൈദികൻ ആ പദവി അനുസരിച്ചാണ് സംസാരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

